ലണ്ടന്‍: മൈക്രോസോഫ്ടിന്റെ 'ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍6' നുള്ള പിന്തുണ ഗൂഗിള്‍ പിന്‍വലിക്കുന്നു. കമ്പ്യൂട്ടര്‍ഭേദകരുടെ ആക്രമണത്തിന് കാരണം ആ ബ്രൗസറിന്റെ ദൗര്‍ബല്യമാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഈ നീക്കം.
മാര്‍ച്ച് ഒന്ന് മുതല്‍ 'ഗൂഗിള്‍ ഡോക്‌സ്' പോലുള്ള സര്‍വീസുകള്‍ എക്‌സ്‌പ്ലോറര്‍ ഉപയോഗിച്ച് ബ്രൗസ് ചെയ്താല്‍ ശരിയായി കിട്ടിക്കൊള്ളണമെന്നില്ലെന്ന് ഗൂഗിള്‍ അറിയിച്ചു. കഴിയുന്നതും വേഗം ബ്രൗസര്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ഉപഭോക്താക്കളെ ഗൂഗിള്‍ ഉപദേശിക്കുന്നു.
സൈബര്‍ ആക്രമണം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് ഗൂഗിള്‍ കഴിഞ്ഞ ജനവരി 12-ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ജിമെയില്‍ അക്കൗണ്ടുകള്‍ ചോര്‍ത്താനാണ് ചൈനയില്‍ നിന്ന് ശ്രമം നടന്നത്.
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലെ പഴുതാണ് കമ്പ്യൂട്ടര്‍ ഭേദകര്‍ക്ക് ഗൂഗിളിനെ ആക്രമിക്കാന്‍ വഴിയൊരുക്കിയതെന്ന് മൈക്രോസോഫ്ട് വെളിപ്പെടുത്തി. 2009 സപ്തംബര്‍ മുതല്‍ അതെപ്പറ്റി അറിയാമായിരുന്നുവെന്നും 2010 ഫിബ്രവരിയോടെ അത് പരിഹരിക്കാനിരിക്കുകയായിരുന്നുവെന്നും കമ്പനി പറഞ്ഞു.
ഗൂഗിള്‍ ആക്രമിക്കപ്പെട്ട കാര്യം പുറത്തു വന്നയുടന്‍ ജര്‍മനിയും ഫ്രാന്‍സും തങ്ങളുടെ പൗരന്‍മാരോട് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും, മറ്റൊരു ബ്രൗസര്‍ ആശ്രയിക്കാനും ഉപദേശം നല്‍കിയിരുന്നു.
അതെത്തുടര്‍ന്ന് മൈക്രോസോഫ്ട് വേഗം പ്രതികരിച്ചു. എക്‌സ്‌പ്ലോററിന്റെ ദൗര്‍ബല്യം പരിഹരിക്കാനുള്ള അപ്‌ഡേറ്റ് ഉടന്‍ പുറത്തിറക്കി. അതുകൊണ്ട് ഫലമുണ്ടായില്ല എന്നാണ് ഗൂഗിളിന്റെ പുതിയ തീരുമാനം വ്യക്തമാക്കുന്നത്.
എക്‌സ്‌പ്ലോററിനുള്ള പിന്തുണ ഗൂഗിള്‍ അവസാനിപ്പിക്കുന്നത് ഘട്ടംഘട്ടമായിട്ടായിരിക്കും. ഗൂഗിള്‍ ഡോക്‌സും ഗൂഗിള്‍ സൈറ്റുകളും മാര്‍ച്ച് ഒന്നിന് ശേഷം എക്‌സ്‌പ്ലോററില്‍ ശരിക്കു പ്രവര്‍ത്തിച്ചു എന്നു വരില്ല, അതായിരിക്കും തുടക്കം.
'പോയ പത്തുവര്‍ഷത്തിനുള്ളില്‍ വെബ്ബ് കാര്യമായി വളര്‍ന്നു, സാധാരണ പേജുകളില്‍ നിന്ന് വീഡിയോ, ഓഡിയോ ഉള്‍പ്പടെയുള്ള ഇന്ററാക്ടീവ് ആപ്ലിക്കേഷനുകളിലേക്ക്. ദൗര്‍ഭാഗ്യവശാല്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ പഴയ ബ്രൗസറുകളില്‍ പ്രവര്‍ത്തിക്കില്ല'-ഗൂഗിളിന്റെ രാജന്‍ ഷേത്ത് ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു.
ലോകത്താകമാനം ഏതാണ്ട് 20 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഇപ്പോഴും ഒന്‍പത് വര്‍ഷം പഴക്കമുള്ള എക്‌സ്‌പ്ലോറര്‍-6 ആണ് ഉപയോഗിക്കുന്നത്. ഒട്ടേറെ ഇന്റര്‍നെറ്റ് കമ്പനികള്‍ ഈ പഴയ ബ്രൗസര്‍ കഴിയുന്നതും വേഗം നിര്‍ത്തണം എന്ന ആവശ്യക്കാരാണ്. എന്നാല്‍, 2014 വരെ എക്‌സ്‌പ്ലോററിനെ പിന്തുണയ്ക്കുമെന്നാണ് മൈക്രോസോഫ്ട് വ്യക്തമാക്കിയിട്ടുള്ളത്.
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനുണ്ടാകുന്ന തിരിച്ചടി, ഓപ്പണ്‍-സോഴ്‌സ് ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സിനാകും ഗുണം ചെയ്യുക. വെബ് വിശകലനം നടത്തുന്ന 'സ്റ്റാറ്റ്കൗണ്ടര്‍' കമ്പനിയുടെ കണക്കു പ്രകാരം, ആഗോളതലത്തില്‍ എക്‌സ്‌പ്ലോററിനെ അപേക്ഷിച്ച് ഫയര്‍ഫോക്‌സ് രണ്ടാംസ്ഥാനത്താണ്.
ലോകത്ത് 45 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്തക്കള്‍ ബ്രൗസ് ചെയ്യാന്‍ എക്‌സ്‌പ്ലോററിന്റെ പഴയതും പുതയതുമായ വകഭേദങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നത് 40 ശതമാനം പേരാണ്. എന്നാല്‍, ചില കമ്പോളങ്ങളില്‍ (ഉദാഹരണം ജര്‍മനി, ഓസ്ട്രിയ) ഫയര്‍ഫോക്‌സ് മുന്നിലെത്തിക്കഴിഞ്ഞു.
THIS POST WAS FILED UNDER:
google
,
internet explorer
,
mozilla
Online English to Malayalam Conversion and Malayalam Typing tool - See more at: Online English to Malayalam Conversion and Malayalam Typing tool
ReplyDelete