സോഷ്യൽ മീഡിയ പൊതു മനസ്സാക്ഷിയിൽ ചെലുത്തുന്ന സ്വാധീനങ്ങളെ കുറിച്ച്
ഒരുപാട് വായിക്കപ്പെട്ടിട്ടുണ്ട് . അതിന്റെ വ്യാപ്തിയെ കുറിച്ചും പലരും
അത്ഭുതം കൂറുന്നതും വായിച്ചിട്ടുണ്ട് .
വ്യവസ്ഥാപിത മാധ്യമങ്ങള്ക്ക്
പിന്നിൽ സ്വാഭാവികമായും മറഞ്ഞിരിക്കുന്ന താൽപര്യങ്ങളും നയപരിപാടികളും
അവയുടെ വാർത്താ , വിനോദ , ചർച്ചാ പരിപാടികളെ സ്വാധീനിക്കുമെന്ന്
കരുതുന്നതിൽ തെറ്റ് പറയാൻ കഴിയില്ല .
അവിടെയാണ്
സോഷ്യൽ മീഡിയകളുടെ സാന്നിദ്ധ്യം വേറിട്ട അനുഭവം നൽകുന്നത് . ഏകപക്ഷീയമായ
വാദങ്ങള്ക്കോ അപഗ്രഥനങ്ങല്ക്കോ അവിടെ സ്ഥാനമില്ല .സൗജന്യമായി നേടുന്ന
അംഗത്വം ഏതൊരാളെയും സോഷ്യൽ മീഡിയയിൽ ഒരു റിപ്പോർട്ടർ ആക്കി മാറ്റുന്നു .
കമന്റ് ബോക്സ് എന്ന സൗകര്യം നൽകുന്ന സാധ്യതകൾ സോഷ്യൽ മീഡിയകളെ സജീവവും
ആകര്ഷകവും ആക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു . സ്വന്തമായി പക്ഷമുള്ളവർ
വളരെ സജീവമായി വാദങ്ങൾ നിരത്തി ആരോഗ്യകരമായി സംവദിക്കുന്നു എങ്കിൽ സോഷ്യൽ
മീഡിയയുടെ മാത്രമായ നല്ല വശങ്ങൾ കൂടുതൽ പേരെ ആകര്ഷിക്കുമായിരുന്നു .
ബ്ലോഗിലാണ്
എഴുതുന്നതെങ്കിൽ ഒരു പടി കൂടി കടന്നു സ്വന്തം പ്രസിദ്ധീകരണ സ്ഥാപനം ഉള്ള
ഉടമയുടെ ഗമ കൂടി ലഭിക്കുന്നു .സ്ഥാപനത്തിന്റെ ഏതാണ്ട് മൊത്തത്തിലുള്ള
നിയന്ത്രണം ബ്ലൊഗുടമയ്ക്കു ലഭിക്കും വിധം സ്വാതന്ത്ര്യം ബ്ലോഗ്ഗർ ബ്ലോഗുകൾ
സൗജന്യമായി നല്കുന്നുണ്ട് .സൂക്ഷ്മമായി പറഞ്ഞാൽ ബ്ലോഗിന്റെ യു ആർ
എല്ലിൽ ബ്ലോഗ്സ്പോട്ട് എന്ന വാലിലെ അവകാശവും ഏതാനും ചില ജാവ
സ്ക്രിപ്ടുകളും മാത്രമാണ് ബ്ലോഗ്ഗർ നമുക്ക് വിട്ടു തരാത്തത് .
സമീപകാലത്തെ
സോഷ്യൽ മീഡിയ (മുഖ്യമായും ഫേസ്ബുക്ക്) ഇടപെടലുകൾ ശ്രദ്ധിച്ചപ്പോൾ കാണാൻ
കഴിഞ്ഞവയിൽ പ്രധാനം സോഷ്യൽ മീഡിയകൾ പ്രതിഷേധങ്ങൾക്ക് വേണ്ടി മാത്രം
ഇടപെടാവുന്ന ഒരു സ്ഥലമാണ് എന്ന് തോന്നി പോകും വിധം കോലാഹലങ്ങൾക്ക് വഴി
മാറിയിരിക്കുന്നു . സ്വന്തം അഭിപ്രായം അല്ലെങ്കിൽ തന്നെ മറ്റുള്ളവരുടെ
അഭിപ്രായങ്ങൾ ഷെയർ ചെയ്യുകയോ കോപി പേസ്റ്റ് ചെയ്യുകയോ ചെയ്യുന്ന ഒരു
സമീപനം വളര്ന്നിരിക്കുന്നു .അത് ഫേസ് ബുക്ക് നല്കിയ ഷെയർ സംവിധാനത്തിന്റെ
സദ് ഗുണമായി കാണാൻ കഴിയുന്നില്ല . കാരണം മനസ്സിലുള്ള പ്രതിഷേധം
വാക്കുകളായി പ്രകടിപ്പിക്കുവാൻ കഴിയാത്തവരായി നമ്മൾ മാറരുത് .ഒരു ബ്ലോഗ്
എഴുത്തുകാരന് / രിക്കു അങ്ങനെ ചെയ്യാൻ കഴിയില്ല .
അനുഭവങ്ങളും
അറിവുകളും പങ്കു വെക്കാൻ ഇത്രയേറെ സാധ്യതയും , വ്യാപ്തിയും ഉള്ള, ചെലവ്
കുറഞ്ഞ (ഇല്ലാത്ത ), കാലങ്ങളേറെ സൂക്ഷിച്ചു വെക്കാവുന്ന ബ്ലോഗ് പോലെ
മറ്റേതു മാധ്യമമാണുള്ളത് ?
ബ്ലോഗിൽ വിവിധ വിഷയങ്ങൾ
എഴുതുകയും അവ സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുകയും ചെയ്യുന്ന
സാമ്പ്രദായിക രീതിയെ ഫേസ്ബുക്കിന്റെ ചടുലത മാറ്റി മറിച്ചിരിക്കുന്നു
.ഇപ്പോൾ അധിക പേരും ഫേസ്ബുക്കിൽ കുറ്റിയടിച്ച അവസ്ഥയാണുള്ളത്.ബ്ലോഗ് എഴുത്തിനെ പരിപോഷിപ്പിക്കാൻ ഫേസ് ബുക്കിൽ ഗ്രൂപ്പുകൾ ഉള്ളത്
കൊണ്ടാണ് ഇത്രയെങ്കിലും ഒരു ചലനം ബ്ലോഗ് എഴുത്തിന്റെ മേഖലയിൽ ഉള്ളത്
എന്നതും കാണേണ്ട വസ്തുതയാണ്
ഫേസ്
ബുക്ക് മടുപ്പിക്കുമ്പോൾ തിരികെ പോകാൻ ബ്ലോഗ് ഉണ്ടാവുമോ എന്ന് കണ്ടറിയണം .
ബ്ലോഗ്ഗർമാരുടെ കൂട്ടായ്മകൾ ഈ വിഷയത്തിൽ പ്രകടിപ്പിക്കുന്ന ആശങ്കകൾ
നിസ്സാരമായി കാണേണ്ടതില്ല .
സാമ്പ്രദായിക രീതികൾ നല്കുന്ന അടുക്കും
ചിട്ടയിലേക്കും വിളിക്കുന്നത് പിന്തിരിപ്പനായി ഇപ്പോൾ തോന്നും എങ്കിലും
ബ്ലോഗിന്റെ രീതികളിലേക്കും , സൌകര്യങ്ങളിലേക്കും ഒരു മടങ്ങി പോക്ക് നമ്മുടെ
പുതു തലമുറയ്ക്ക് വളരെ ഗുണം ചെയ്യും എന്ന നിരീക്ഷണം ശക്തമാണ് .
വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്ക് പോലും കൈകാര്യം ചെയ്യാവുന്നതും
,അവരുടെ നൈസര്‍ഗ്ഗിക പ്രതിഭ ഉണര്തുവാനും ഉതകുന്ന ഒരു മാദ്ധ്യമം ആയി
ബ്ലോഗിനെ പരിചയപ്പെടുത്തുകയും അത് അദ്ധ്യാപകര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍
കഴിയുകയും ചെയ്‌താല്‍ അത് കേരളത്തിലെ ഭാവി തലമുറയില്‍ ഉണ്ടാക്കുന്ന മാറ്റം
ചെറുതാവില്ല എന്ന് വിശ്വസിക്കുന്നു ...
അറിവുകൾ ദീര്ഘനാൾ
സൂക്ഷിച്ചു വെക്കുവാനും പങ്കു വെക്കുവാനും ചർച്ചകൾക്കും ബ്ലോഗ് നല്കുന്ന
സൗകര്യം പോലെ ഫേസ് ബുക്ക് നല്കുന്നില്ല . ഫേസ്ബുക്ക് വളരെ എളുപ്പത്തിൽ
സുഹൃത്തുക്കളെ നൽകും എന്നത് അതിൻറെ പിന്നിലെ തലച്ചോറുകളുടെ ബുദ്ധിപൂർവ്വമായ
സൈറ്റ് സജ്ജീകരണം കൊണ്ട് മാത്രമാണ് . അത്രയും പേരിൽ നമ്മുടെ അറിവുകളും ,
ആശയങ്ങളും , വാദങ്ങളും , വിമര്ശനങ്ങളും ഒക്കെ പങ്കു വെക്കുവാനും ഏറെ
കാലത്തിനു ശേഷം വീണ്ടും വായിക്കാനും എളുപ്പത്തിൽ കഴിയുക ബ്ലോഗ് വഴി
മാത്രമാണ്.
ബ്ലോഗ് മുഖ്യമായി കാണുകയും ഫേസ്ബുക്ക്
ബ്ലോഗിന്റെ പ്രചാരണ മേഖല മാത്രമാകുകയും ചെയ്യുന്ന സാമ്പ്രദായിക രീതി
തിരിച്ചു പിടിക്കാൻ ബ്ലോഗ്ഗർമാർ മുന്നോട്ടു വരുന്നത് സന്തോഷകരമാണ് .
ബ്ലോഗ്
ശൂന്യമാക്കി ഇടുന്നവരെ ബ്ലോഗ്ഗർ എന്ന് വിളിക്കുന്നത്
പുനപരിശോധിക്കണം .ഫേസ്ബുക്കിൽ മാത്രം എഴുതുവാൻ താൽപര്യമുള്ളവർ അങ്ങനെ
ചെയ്യട്ടെ .അങ്ങനെ ചെയ്യുന്നവർ അത് ബ്ലോഗിൽ കൂടി എഴുതുന്നത് കൂടുതൽ
വായനയ്ക്കും , കരുതി വെപ്പിനും സഹായകമാകും .
ബ്ലോഗ് എന്ന സംവിധാനം വഴി കൂടുതൽ കൂടുതൽ അറിവുകളും സാഹിത്യങ്ങളും
നമുക്ക് സൂക്ഷിക്കാം , പങ്കുവെക്കാം . കൂട്ടായ്മകൾ സംഘടിപ്പിക്കാം .ആ
നിലയ്ക്ക് ജയന് ഏവൂർ ഡോക്ടർ എഴുതിയ ഈ
ബ്ലോഗ് പോസ്റ്റ് നമുക്ക് മുന്നോട്ടുള്ള ഒരു ചവിട്ടു പടി ആകട്ടെ ...